പയ്യന്നൂർ കോറം സ്വദേശി കെ.പി രോഹിത് ആണ് കല്ല് നിരത്തി മോഹൻലാൽ ചിത്രം വരച്ചത്.എന്നാൽ ഈ അത്ഭുത ചിത്രത്തിന്റെ ആയുസ്സ് വെറും 6 സെക്കൻഡ് ആണ്.കാരണം മേലെക്ക് ഉയർത്തി താഴോട്ട് ഇടുന്ന ചിത്രം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ എല്ലാം തവിടുപൊടി. സ്ലോമോഷനിൽ വീഡിയോ ഷൂട്ട് ചെയ്താൽ മാത്രമേ ഇത് വ്യക്തമായി ആസ്വദിക്കാൻ തന്നെ കഴിയൂ. ഒരു ബോർഡിൽ പല വലിപ്പത്തിലുള്ള കല്ലുകൾ നിരത്തി മോഹൻലാലിന്റെ മുഖം വരച്ചു. ഇതിനുശേഷം നിന്നുകൊണ്ടുതന്നെ ബോഡിലെ കല്ലുകൾ പതുക്കെ മുകളിലേക്ക് ഇടുന്നു. മുറം കൊണ്ട് അരിയും മറ്റും വൃത്തിയാക്കുമ്പോൾ ചെയ്യുന്നതുപോലെ ഒരു പ്രത്യേക ആംഗിളിൽ ആണ് കല്ലുകൾ മുകളിലേക്ക് ഇടുന്നത്. ഏകദേശം 6 സെക്കൻഡ് നേരം ബോർഡിലെ ചിത്രം വായുവിൽ തെളിഞ്ഞുനിൽക്കും. ഏറെക്കാലം നീണ്ട പരിശ്രമത്തിലൂടെയാണ് രോഹിത് മോഹൻലാലിന്റെ ചിത്രം ഇതുപോലെ വരച്ച് വീഡിയോയിൽ ആക്കിയത്. ചെറുതായി ആംഗിൾ മാറിയാൽ പോലും ചിത്രം വായുവിൽ തെളിയില്ല. കല്ലുകൾ വയ്ക്കുന്നതിലെ ദൂരം മാറിയാലും കൃത്യമായി തെളിയില്ല. കാരണം വായുവിൽ ഉയരുമ്പോൾ ചിത്രത്തിന്റെ മുകൾ ഭാഗത്തെ കല്ലുകൾ ആദ്യം ഉയരും. സെക്കൻഡുകൾ വൈകിയാണ് താഴെയുള്ള കല്ലുകൾ ഉയരുക. ഇത് കൃത്യമായി കണക്കാക്കിയാൽ മാത്രമേ ചിത്രം കൃത്യമായി തെളിയൂ, കണ്ണും മറ്റും കൃത്യമായി അതാത് സ്ഥാനത്ത് തെളിയുകയാണ് വലിയ വെല്ലുവിളി. രണ്ടു കണ്ണുകളുടെയും കല്ലുകളുടെ ഭാരം മാറിയാൽ പോലും അതു രണ്ടു വേഗത്തിലാണ് ഉയരുക. ചിത്രത്തിന്റെ വീഡിയോ കണ്ട മോഹൻലാൽ പറഞ്ഞത് വല്ലാത്ത അത്ഭുതമെന്നാണ്. രോഹിത്തിന്റെ സഹോദരൻ രാഹുലാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്…